Monday, October 3, 2011

ഉല്‍പ്രേരകം

ഇന്ന്
സാമ്പ്രാണിപ്പുകയ്ക്കും
രാമായണ ശീലുകള്‍ക്കുമിടയില്‍
മലര്‍ന്നു കിടക്കുന്ന നിന്റെ ചുണ്ടത്ത്
ഞാന്‍ കാണുന്നു,
അന്ന്
ഞാന്‍ നീട്ടിയ പൂവ് നിരസിച്ചപ്പോഴും
ബൈക്കില്‍ കേറാതെ നടന്നപ്പോഴും
നീ ചിരിച്ച അതേ ചിരി.

ഓട്ടോഗ്രാഫ്

കണ്ണൂരു നിന്നും കാസര്‍കോടേക്ക്‌ ട്രെയിന്‍ കേറുമ്പോ മനസ്സ് നിറയെ സന്തോഷമായിരുന്നു. അഭിരാമിയെ കണ്ടു, സംസാരിച്ചു, ഓട്ടോഗ്രാഫും വാങ്ങി.

അഭിരാമി. മലപ്പുറം ജില്ലയിലെ എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നുള്ള ഒരു പത്താംക്ലാസ്സുകാരി. കവയത്രി. ഈ വര്‍ഷത്തെ എന്‍, എന്‍ കക്കാട് സ്മാരക കവിതാ അവാര്‍ഡ്‌ ജേതാവ്.

നാലുവര്‍ഷം മുന്പ് ഇന്ത്യ ടുഡേയില്‍ വായിച്ച പെന്‍സില്‍സദ്ദാം എന്ന കവിതയില്‍ നിന്ന് തുടങ്ങുന്നു എന്റെ അഭിരാമിയോടുള്ള ഇഷ്ടം. സദ്ദാമിന്റെ അന്ത്യത്തെ ആറുവയസ്സുകാരിയുടെ പെന്‍സില്‍ബോക്സിലേക്ക് പറിച്ചു നട്ട ആ കവിത, കുറേ കാലം മനസ്സില്‍ തങ്ങിനിന്നു.

മാസങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായാണ് ഹരിതകം.കോം എന്ന വെബ്‌സൈറ്റില്‍ അഭിരാമിയുടെ പ്രൊഫൈല്‍ കാണുന്നത്. പെന്‍സില്‍ സദ്ദാമിനെ കൂടാതെ മറ്റു ചില കവിതകള്‍ കൂടി. പിന്നെ ഹരിതകം സന്ദര്‍ശിക്കുന്നത് ഒരു ശീലമാക്കി. കവിതകള്‍ എഴുതിയെടുത്ത് കൂട്ടുകാര്‍ക്ക് വായിച്ചു കേള്‍പ്പിക്കാനും തുടങ്ങി. ഞങ്ങള്‍ക്കിടയില്‍ ഒരു ഫാന്‍ ഗ്രൂപ്പ്‌ രൂപം കൊണ്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു.

മാസങ്ങള്‍ക്ക് മുന്പ് വായിച്ച കഥയല്ലിത് ജീവിതം എന്ന കവിത അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഇതുവരെ തനിക്കു ചുറ്റുമുള്ള ലോകത്തെ- അച്ഛന്‍, അമ്മ വീട്, സ്കൂള്‍, മഴ, പ്രകൃതി- കവിതകളിലൂടെ വരച്ചു കാട്ടിയ അഭിരാമി, പതിവ് തെറ്റിച്ചിരിക്കുന്നു. ജനപ്രിയ റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍, സീതയുടെയും ശ്രീരാമന്റെയും മനോവ്യാപാരങ്ങളെ ഒരു ഇരുത്തം വന്ന എഴുത്തുകാരിയുടെ കയ്യടക്കത്തോടെ പകര്‍ത്തിയിരിക്കുന്നു. അഭിമാനത്തിന്റെ നിമിഷങ്ങള്‍!

ആഴ്ചകള്‍ക്ക് ശേഷം ജന്മഭൂമി പത്രത്തിലൊരു വാര്‍ത്ത‍: കക്കാട് സ്മാരക കവിതാ പുരസ്കാരം അഭിരാമിക്ക്. സ്ഥലവും തീയതിയുമൊക്കെ മനസ്സില്‍ കുറിച്ചിട്ട് കണ്ണൂരേക്ക് വണ്ടി കേറി.

ബാലഗോകുലം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്കാര വിതരണം. അഭിരാമി വന്നു, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ അവര്‍കളുടെ കൈകളില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സ്ഫുടവും മനോഹരവുമായ ഭാഷയില്‍ രണ്ടു വാക്കുകള്‍. ഒരു പുഞ്ചിരിയോടെ അവള്‍ വേദി വിടുമ്പോള്‍ ഞാനും ചെന്നു. തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോ ഒരു അഞ്ചുവയസ്സുകാരന്റെ പരിഭ്രമത്തോടെ ഞാന്‍ നോട്ടുബുക്ക് നീട്ടി. അഭിരാമിയും ആദ്യം അമ്പരന്നെങ്ങിലും, പിന്നെ കുഞ്ഞക്ഷരങ്ങളില്‍ എഴുതി.















സന്തോഷത്തിന് അതിരില്ലായിരുന്നു. സുഹൃത്തുക്കളെ വിളിച്ച കാര്യം പറഞ്ഞു. ഒട്ടോഗ്രാഫ് സ്കാന്‍ ചെയ്ത് എല്ലാര്ക്കും ഷെയര്‍ ചെയ്തു.

കുഞ്ഞുപെങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് കാത്തിരിക്കുന്നു, കാണാന്‍ ഇനിയുമൊരു അവസരത്തിന്.

ഹരിശ്രീ

കൊട്ടും കുരവേം ആയിട്ട് ബ്ലോഗ്‌ തുടങ്ങി. ഒരു തേങ്ങ പോലും ഇല്ല. മണ്ഡരിത്തലയില്‍ വല്ലതും കായ്ച്ചാലല്ലേ. ഗണപതി ഇനീം കൊറേ കാത്തിരിക്കേണ്ടി വരും!