Friday, September 28, 2012

നിലാ വിളി

മഷി തീരും വരെ എഴുതിയതൊക്കെ നിന്നെ.
കണ്ടതും വരച്ചതും വായിച്ചതും നിന്നെ.
വെളുത്ത വാവിലും
എന്റെ ഇടനെഞ്ചിലെ ചുവപ്പ് കാണാതെ നീ പോയപ്പോ,
മുറ്റത്തെ മുരിക്കിന്‍കൊമ്പത്ത് തൂങ്ങിയാടുന്ന
നിലാവിന്റെ ചത്ത കണ്ണുകള്‍
എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു.

Sunday, September 23, 2012

നീ

ഞാന്‍ കൊതിച്ച,
കൈനീട്ടിയാല്‍ തൊടുന്ന,
എത്തിപ്പിടിക്കാന്‍ മടിച്ച,
വേറെയാരോ പറിച്ച,
പഞ്ചാരമാങ്ങ.

Thursday, September 13, 2012

കന്നിക്കവിത

മൊട്ടത്തലയന്‍ കുട്ടപ്പന്‍
കൊട്ടത്തേങ്ങ പറിക്കുമ്പോള്‍
മൊട്ടത്തലമേലയ്യയ്യോ
കാക്കത്തീട്ടം വീണല്ലോ!

നാലാം ക്ലാസ്സിലെ സരസമ്മ ടീച്ചര്‍ പറഞ്ഞിട്ട് ആദ്യമായി എഴുതിയ കവിത.

Thursday, September 6, 2012

ശീഘ്രം

സെക്കന്റു സൂചിയുടെ ചാട്ടവും
നിന്‍റെയും എന്റെയും
കണ്‍പീലികള്‍ തമ്മിലുരഞ്ഞ മര്‍മ്മരവും
ചുടു നിശ്വാസങ്ങളും
മുറ്റത്ത് മുത്തമിടുന്ന
മഴക്കുഞ്ഞുങ്ങളുടെ അടക്കിച്ചിരിയും ചേര്‍ന്ന്
പുതിയൊരു സിംഫണി പിറന്നപ്പോള്‍,
പേമാരിയായി നിന്നില്‍ പെയ്തുതീരാനേ
എനിക്ക് കഴിഞ്ഞുള്ളൂ..