Tuesday, April 14, 2015

രണ്ടാന്തി

വഴിയരികിൽ
പൊട്ടാതെ കിടന്ന ഏറുപടക്കങ്ങളും
അയലത്തെ വീട്ടില്
ബാക്കിവന്ന ചോറും
അടുക്കളക്കരിപുരണ്ട
ഒറ്റനാണയക്കൈനീട്ടവും
കവിളത്തുണങ്ങിയ
കണ്ണീർക്കണിയും..

വിഷുവെന്നുമെത്തുന്നത്
മേടം രണ്ടിനായിരുന്നു.

Sunday, May 26, 2013

വരൾച്ച

പണ്ടേ കരിച്ചുകളഞ്ഞൊരെൻ നെഞ്ചിൽ നിൻ
ചിന്തകളൊന്നും തളിർക്കില്ലയോമനേ
വിണ്ടുവരണ്ടൊരീ മണ്ണിതിൽ മാരിപോ-
ലെന്തിനായ് കണ്ണുനീർ പെയ്യുന്നു നീ വൃഥാ?

Tuesday, November 13, 2012

വസൂരി

എന്റെ വസൂ,
നിന്റെ നിശ്വാസത്തിന്
കോടയുടെ കുളിരായിരുന്നു.
ദേഹത്തിനു
ശവംനാറിപ്പൂക്കളുടെ ഗന്ധം.
നീ തന്ന നഖക്ഷതങ്ങള്‍ക്ക്
ചങ്കുതകര്‍ക്കുന്ന നീറ്റലും.
__________________

കടപ്പാട്: ചിക്കന്‍പോക്സ് 2010

Friday, November 9, 2012

കാത്തിരിപ്പ്

തുരങ്കത്തിനുള്ളില്‍ നിന്നും
ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടെത്തുന്ന
ചൂളംവിളിക്ക് കാതോര്‍ത്ത്,
കറുപ്പിനെക്കാള്‍ കറുത്ത
ഒരു കല്‍ക്കരിത്തീവണ്ടി
ചീറിപ്പാഞ്ഞെത്തുന്നതും നോക്കി,
കവിളത്ത് കണ്ണീരുണങ്ങിപ്പിടിച്ച
ആരെങ്കിലുമൊക്കെ
പുറത്ത് കാത്തുനില്‍ക്കുന്നുണ്ടാവും.
അടുത്ത  നാളത്തെ പത്രത്തില്‍
ഒരു കോളത്തിലൊതുങ്ങാന്‍............

Friday, September 28, 2012

നിലാ വിളി

മഷി തീരും വരെ എഴുതിയതൊക്കെ നിന്നെ.
കണ്ടതും വരച്ചതും വായിച്ചതും നിന്നെ.
വെളുത്ത വാവിലും
എന്റെ ഇടനെഞ്ചിലെ ചുവപ്പ് കാണാതെ നീ പോയപ്പോ,
മുറ്റത്തെ മുരിക്കിന്‍കൊമ്പത്ത് തൂങ്ങിയാടുന്ന
നിലാവിന്റെ ചത്ത കണ്ണുകള്‍
എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു.

Sunday, September 23, 2012

നീ

ഞാന്‍ കൊതിച്ച,
കൈനീട്ടിയാല്‍ തൊടുന്ന,
എത്തിപ്പിടിക്കാന്‍ മടിച്ച,
വേറെയാരോ പറിച്ച,
പഞ്ചാരമാങ്ങ.

Thursday, September 13, 2012

കന്നിക്കവിത

മൊട്ടത്തലയന്‍ കുട്ടപ്പന്‍
കൊട്ടത്തേങ്ങ പറിക്കുമ്പോള്‍
മൊട്ടത്തലമേലയ്യയ്യോ
കാക്കത്തീട്ടം വീണല്ലോ!

നാലാം ക്ലാസ്സിലെ സരസമ്മ ടീച്ചര്‍ പറഞ്ഞിട്ട് ആദ്യമായി എഴുതിയ കവിത.