Tuesday, November 13, 2012

വസൂരി

എന്റെ വസൂ,
നിന്റെ നിശ്വാസത്തിന്
കോടയുടെ കുളിരായിരുന്നു.
ദേഹത്തിനു
ശവംനാറിപ്പൂക്കളുടെ ഗന്ധം.
നീ തന്ന നഖക്ഷതങ്ങള്‍ക്ക്
ചങ്കുതകര്‍ക്കുന്ന നീറ്റലും.
__________________

കടപ്പാട്: ചിക്കന്‍പോക്സ് 2010

Friday, November 9, 2012

കാത്തിരിപ്പ്

തുരങ്കത്തിനുള്ളില്‍ നിന്നും
ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടെത്തുന്ന
ചൂളംവിളിക്ക് കാതോര്‍ത്ത്,
കറുപ്പിനെക്കാള്‍ കറുത്ത
ഒരു കല്‍ക്കരിത്തീവണ്ടി
ചീറിപ്പാഞ്ഞെത്തുന്നതും നോക്കി,
കവിളത്ത് കണ്ണീരുണങ്ങിപ്പിടിച്ച
ആരെങ്കിലുമൊക്കെ
പുറത്ത് കാത്തുനില്‍ക്കുന്നുണ്ടാവും.
അടുത്ത  നാളത്തെ പത്രത്തില്‍
ഒരു കോളത്തിലൊതുങ്ങാന്‍............

Friday, September 28, 2012

നിലാ വിളി

മഷി തീരും വരെ എഴുതിയതൊക്കെ നിന്നെ.
കണ്ടതും വരച്ചതും വായിച്ചതും നിന്നെ.
വെളുത്ത വാവിലും
എന്റെ ഇടനെഞ്ചിലെ ചുവപ്പ് കാണാതെ നീ പോയപ്പോ,
മുറ്റത്തെ മുരിക്കിന്‍കൊമ്പത്ത് തൂങ്ങിയാടുന്ന
നിലാവിന്റെ ചത്ത കണ്ണുകള്‍
എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു.

Sunday, September 23, 2012

നീ

ഞാന്‍ കൊതിച്ച,
കൈനീട്ടിയാല്‍ തൊടുന്ന,
എത്തിപ്പിടിക്കാന്‍ മടിച്ച,
വേറെയാരോ പറിച്ച,
പഞ്ചാരമാങ്ങ.

Thursday, September 13, 2012

കന്നിക്കവിത

മൊട്ടത്തലയന്‍ കുട്ടപ്പന്‍
കൊട്ടത്തേങ്ങ പറിക്കുമ്പോള്‍
മൊട്ടത്തലമേലയ്യയ്യോ
കാക്കത്തീട്ടം വീണല്ലോ!

നാലാം ക്ലാസ്സിലെ സരസമ്മ ടീച്ചര്‍ പറഞ്ഞിട്ട് ആദ്യമായി എഴുതിയ കവിത.

Thursday, September 6, 2012

ശീഘ്രം

സെക്കന്റു സൂചിയുടെ ചാട്ടവും
നിന്‍റെയും എന്റെയും
കണ്‍പീലികള്‍ തമ്മിലുരഞ്ഞ മര്‍മ്മരവും
ചുടു നിശ്വാസങ്ങളും
മുറ്റത്ത് മുത്തമിടുന്ന
മഴക്കുഞ്ഞുങ്ങളുടെ അടക്കിച്ചിരിയും ചേര്‍ന്ന്
പുതിയൊരു സിംഫണി പിറന്നപ്പോള്‍,
പേമാരിയായി നിന്നില്‍ പെയ്തുതീരാനേ
എനിക്ക് കഴിഞ്ഞുള്ളൂ..

Tuesday, February 28, 2012

ഓര്‍മ്മ

നന്ദി.
അച്ഛനെന്നു പേരുള്ള
അജ്ഞാതനോട്‌ പകതീര്‍ക്കാന്‍
മുളയിലേ നുള്ളാതിരുന്നതിന്.
അടിവയറ്റില്‍ നിന്ന്
ആശുപത്രിത്തണുപ്പിലേക്ക്
എന്നെ പകര്‍ന്നതിന്.
വറ്റാറായിട്ടും
അമൃതിന്റെ അവസാന തുള്ളിയും
ചുണ്ടില്‍ നനച്ചതിന്.
കണ്ണീര്‍ച്ചാലുകളില്‍
ഉമ്മകള്‍ കൊണ്ട്
തടയണകള്‍ തീര്‍ത്തതിന്.
ചിറകുകള്‍ നല്‍കി
പറക്കാന്‍ പഠിപ്പിച്ചതിന്.
ഉയരങ്ങളില്‍ നീന്തുമ്പോളും
വഴിക്കണ്ണും നട്ട്
ഉമ്മറത്ത് കാത്തിരുന്നതിന്.
ഞാന്‍ മറന്നിട്ടും
എന്നെ ഓര്‍ക്കുന്നതിന്..